ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റോക്ക് ബ്രോക്കർ ഏത്?

2024 ഇൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നല്ല ഡീമാറ്റ് അക്കൗണ്ട് ഏത് ? 


സ്റ്റോക്ക് മാർക്കറ്റിൽ (ഓഹരി വിപണി) ട്രേഡിങ്ങ് അല്ലെങ്കിൽ ഇൻവെസ്റ്റിംഗ് ചെയ്യുന്ന ഒരാൾ തന്റെ ആവശ്യങ്ങൾ അനുസരിച്ചുള്ള ഒരു ബ്രോക്കർ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കേണ്ട ഒന്നാണ്. നൂറു കണക്കിന് സ്റ്റോക്ക് ബ്രോക്കർമാർക്കിടയിൽ നിന്ന് ഏറ്റവും അനുയോജ്യമായതിനെ കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 

ഒരു സ്റ്റോക്ക് ബ്രോക്കറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും, ഞാൻ ഉപയോഗിച്ച ബ്രോക്കർമാരിൽ എനിക്ക് നല്ലതെന്നു തോന്നിയ ചില ബ്രോക്കർമാരെയും പരിചയപ്പെടുത്താം. ഓരോ ബ്രോക്കറിനും വ്യത്യസ്ത സവിശേഷതകളാണ്. അവയും വിശദമാക്കാം ശ്രമിച്ചിട്ടുണ്ട്. ഇവ ഒരു റെക്കമെന്റേഷൻ അല്ല. എന്റെ അനുഭവത്തിൽ മനസിലായ കാര്യങ്ങൾ വിശദമാക്കുന്നു എന്നു മാത്രം.

2010 കാലഘട്ടത്തിൽ ഞാൻ ആദ്യമായി ഓഹരി വിപണിയിൽ ട്രേഡിങ്ങ് തുടങ്ങിയത് ഹെഡ്ജ് ഇക്വിറ്റീസ് എന്ന കേരളം ആസ്ഥാനമായിട്ടുള്ള ഒരു ബ്രോക്കർ വഴി ആയിരുന്നു. എന്റെ നാട്ടിലുള്ള അവരുടെ ഓഫീസിൽ പോയി ഒരുപാട് പേജുകൾ ഒപ്പിട്ടൊക്കെ ആണ് അന്ന് അക്കൗണ്ട് തുറന്നത്. അവരുടെ ഒഡീൻ ഡയറ്റ് എന്ന പ്ലാറ്ഫോം ഉപയോഗിച്ചാണ് ട്രേഡിങ്ങ് ചെയ്തിരുന്നത്. 2016 ഇൽ ഷെയർഖാനിൽ അക്കൗണ്ട് തുറന്നപോളും ഓഫ്‌ലൈൻ ആയി പേപ്പർ ഒപ്പിട്ട് തന്നെയാണ് അക്കൗണ്ട് തുറന്നത്. നല്ല ഒരു ചാർട്ട് പോലും ട്രേഡിങ്ങ് പ്ലാറ്ഫോമിൽ ലഭ്യമല്ലാതിരുന്ന ആ കാലത്തിൽ നിന്ന് ഇന്നത്തെ ബ്രോക്കർമാരും ട്രേഡിങ്ങ് പ്ലാറ്ഫോമും വളരെയധികം പുരോഗമിച്ചു.  അക്കൗണ്ട് ഓപ്പണിങ്ങും പൂർണമായി ഓൺലൈനായി തന്നെതുറക്കാൻ ഇന്ന് പറ്റും. അതിനേക്കാൾ പ്രധാനമായി വളരെ കുറഞ്ഞ ബ്രോക്കറേജ് വെച്ച് നല്ല സർവിസ് തരുന്ന ബ്രോക്കർമാർ ഇന്നുണ്ട്.

2017 ഇൽ ഷെയർഖാനിൽ ട്രേഡ് ചെയ്ത് കൊണ്ടിരുന്ന കാലത്താണ് യൂട്യൂബർ ആയ സനൂബ് സിദ്ദിഖിന്റെ ഉപദേശ പ്രകാരം ഞാൻ 
സെരോധ എന്ന ബ്രോക്കർ ഉപയോഗിക്കാൻ തുടങ്ങിയത്. ഷെയർഖാന്റെ സർവിസ് നല്ലാതായിരുന്നെങ്കിലും ഉയർന്ന ബ്രോക്കറേജ് ഒരു ട്രേഡർ ആയിരുന്ന എന്റെ പ്രൊഫിറ്റിന്റെ സിംഹഭാഗവും കവർന്നെടുക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോളായിരുന്നു അത്. അത് വരെ ഡിസ്‌കൗണ്ട് ബ്രോക്കർ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. സിരോധ എന്റെ ട്രേഡിങ്ങ് ചിലവുകൾ ഗണ്യമായി കുറയാൻ സഹായിച്ചു. ആതിന് ശേഷവും പല ബ്രോക്കർ കമ്പനികളെയും അവരുടെ സവിശേഷതകളും കണ്ടെത്താനുള്ള എന്റെ ശ്രമങ്ങൾ തുടർന്നു. അതിൽ നിന്ന് എനിക്ക് മനസിലായത് ഓരോ ബ്രോക്കറും ഓരോ മേഖലയിൽ ആണ് ഊന്നൽ കൊടുക്കുന്നത് എന്നാണ്. ചില ബ്രോക്കർമാർ നല്ല ട്രേഡിങ്ങ് പ്ലാറ്ഫോം ലഭ്യമാക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ മറ്റു ചിലത് കൂടുതൽ ലിവേറേജ് കൊടുക്കാൻ ശ്രമിക്കുന്നു. ചില ബ്രോക്കർമാർ ബ്രോക്കറേജ് ഏറ്റവും കുറച്ചു കൊടുക്കാൻ ശ്രമിക്കുന്നു. 

സ്റ്റോക്ക് ബ്രോക്കർമാർ കുറിച്ച് പറയുന്നതിന് മുൻപ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കാം.

എന്താണ് ഒരു ട്രേഡിങ്ങ് അക്കൗണ്ട് ?


ഓഹരികൾ വാങ്ങാനും വിൽക്കാനും നമ്മൾ ബ്രോക്കരുടെ അടുത്ത് തുടങ്ങുന്ന അക്കൗണ്ട് ആണ് ട്രേഡിങ്ങ് അക്കൗണ്ട്. ഷെയർ മാർക്കറ്റിൽ അക്കൗണ്ട് തുടങ്ങാനായി നമ്മൾ ബ്രോക്കറെ സമീപിക്കുമ്പോൾ അവർ ഒരു ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും നമ്മുടെ പേരിൽ തുടങ്ങുന്നു. ട്രേഡിങ്ങ് അക്കൗണ്ട് വഴി നമ്മൾ വാങ്ങിയ ഷെയറുകൾ സൂക്ഷിച്ചു വെക്കുന്നത് ഡീമാറ്റ് അക്കൗണ്ടിൽ ആണ്.

എന്താണ് ഒരു ഡീമാറ്റ് അക്കൗണ്ട് ?


ഓഹരികൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചു വെക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ ആണ് ഡീമാറ്റ് അക്കൗണ്ട്. 

പണ്ട് കാലത്ത് ഓഹരികൾ പേപ്പർ രൂപത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഇപ്പൊ അവ ഇലക്ട്രോണിക് രൂപത്തിലാക്കി ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുന്നു. പുതിയ നിയമമനുസരിച്ചു പഴയ ഓഹരി സർട്ടിഫിക്കറ്റുകൾ ഇലക്ട്രോണിക് ആക്കി മാറ്റുന്നത് നിർബന്ധമാണ്. അതിനു ശേഷമേ വിൽക്കാൻ പറ്റുകയുള്ളു. ഇന്നും ഷെയർ സെർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ബ്രോക്കറെ സമീപിച്ചാൽ അത് ഡീമാറ്റ് രൂപത്തിൽ ആക്കാൻ അവർ സഹായിക്കുന്നതാണ്.

ഇന്ന് ലഭ്യമായ ബ്രോക്കറുകളെ പ്രധാനമായി രണ്ടായി തിരിക്കാം നമുക്ക്.

1. ഡിസ്‌കൗണ്ട് ബ്രോക്കർ
2. ഫുൾ സർവീസ് ബ്രോക്കർ

ഡിസ്‌കൗണ്ട് ബ്രോക്കർ


ബ്രോക്കിങ് ബിസിനസ് മാത്രം പ്രാധാന്യം കൊടുത്ത് പ്രവർത്തിക്കുന്ന ഓണ്ലൈൻ ബ്രോക്കർമാരാണ് ഡിസ്‌കൗണ്ട് ബ്രോക്കർമാർ. ഇവർ ഫുൾ സർവിസ് ബ്രോക്കറെ അപേക്ഷിച്ച് വളരെ കുറച്ചു ബ്രോക്കറേജ് മാത്രം ചാർജ് ചെയ്യുന്നു. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇവർക്ക് എല്ലാ സിറ്റികളിലും ഓഫീസുകൾ ഉണ്ടാകാറില്ല. പ്രധാന ആസ്ഥാന ഓഫീസ് മാത്രമേ അധിക ഡിസ്‌കൗണ്ട് ബ്രോക്കർമാർക്കും ഉണ്ടാകാറുള്ളൂ. മിക്കവാറും പൂർണമായി ഓൺലൈനായി ആണ് ഇവരുടെ പ്രവർത്തനം. ബ്രോക്കറേജ് കുറവാണെങ്കിലും വളരെ നല്ല ട്രേഡിങ്ങ് പ്ലാറ്ഫോമുകൾ ലഭ്യമാക്കുന്ന ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഇന്നുണ്ട്. സിരോധ ഇതിന് ഒരു നല്ല ഉദാഹരണം ആണ്. ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും നല്ല സർവിസ് ഇവർ നൽകുന്നുണ്ട്. അത് കൂടാതെ പല ഡിസ്‌കൗണ്ട് ബ്രോക്കറുകളും ഡെലിവറി ട്രേഡുകൾക്ക് ബ്രോക്കറേജ് ചാർജ് എടുക്കാറില്ല. ഫ്രീ ആണ്. അത് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് വളരെ ഉപകാരപ്രദം ആണ്.

ചില ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഒരു വാർഷിക ഫീസോ മാസം തോറുമുള്ള ഒരു നിശ്ചിത ഫീസോ ബ്രോക്കറേജ് ആയി എടുക്കുന്ന ബ്രോക്കർമാരും ഇപ്പോൾ ഉണ്ട്. സൗജന്യ ബ്രോക്കറേജ് നൽകുന്ന ചില ചെറിയ ബ്രോക്കർമാരും ഇപ്പോൾ ഉണ്ട്.

പക്ഷെ ബ്രോക്കറേജ് ഒരു പ്രധാനപ്പെട്ട കാര്യം ആണെങ്കിലും അത് മാത്രം ആകരുത് നല്ല ബ്രോക്കറെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

പ്രധാനപ്പെട്ട ഡിസ്‌കൗണ്ട് ബ്രോക്കേറുകൾക്ക് ഉദാഹരണമാണ്  സെരോധ , അപ്സ്റ്റോക്ക്‌സ്, 5 പൈസ, ഫയേഴ്‌സ് തുടങ്ങിയവ.

ഫുൾ സർവിസ് ബ്രോക്കർ


 ഫുൾ സർവിസ് ബ്രോക്കർമാറിൽ പെടുന്നതാണ് ഞാൻ മുകളിൽ പറഞ്ഞ ഷെയർഖാനും ഹെഡ്ജ് ഇക്വിറ്റീസും. ഇവർ ബ്രോക്കർ സെർവിസിനൊപ്പം റിസേർച്ച് റിപോർട്ടുകളും സ്റ്റോക്ക് റെക്കമെന്റേഷനും നൽകാറുണ്ട്. ഒട്ടു മിക്ക പ്രധാന സിറ്റികളിലും ഇവരുടെ ഓഫീസുകൾ കാണാൻ പറ്റും. ഡിസ്‌കൗണ്ട് ബ്രോക്കര്മാരെ അപേക്ഷിച്ച് ഇവരുടെ ബ്രോക്കറേജ് അധികമായിരിക്കും.

ഉദാ : ജിയോജിത്ത്, ഷെയർഖാൻ, മോത്തിലാൽ ഓസ്വാൾ.

3 ഇൻ 1 അക്കൗണ്ടുകൾ

ട്രേഡിങ്ങ്, ഡീമാറ്റ്, സേവിങ്‌സ് ഇങ്ങനെ മൂന്നും ചേർന്ന അക്കൗണ്ട് ആണ് 3 ഇൻ 1 അക്കൗണ്ടുകൾ. ബാങ്കിൽ നിന്ന് ട്രേഡിങ്ങ് അക്കൗണ്ടിലേക്കും തിരിച്ചും പണം കൈമാറ്റം എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.

ആദ്യ കാലത്ത് ബാങ്കുകൾ ഇത്തരം അക്കൗണ്ടുകൾ ലഭ്യമാക്കിയിരുന്നെങ്കിൽ ഇന്ന് സെരോധ, അപ്സ്റ്റോക്ക്‌സ് പോലുള്ള ഡിസ്‌കൗണ്ട് ബ്രോക്കറുകളും ചില ബാങ്കുകളുമായി ചേർന്ന് ഈ സർവിസ് ലഭ്യമാക്കുന്നുണ്ട്. 

കസ്റ്റമറുടെ എണ്ണം പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർമാർ (2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച്


1. സെരോധ
2. അപ്സ്റ്റോക്‌സ്
3. ഐസിഐസിഐ ഡയറക്ട്
4. ഏഞ്ചൽ ബ്രോക്കിങ്
5. എച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

ഉപഭോക്താക്കളുടെ എണ്ണം അനുസരിച്ച് ഇവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ 5 ബ്രോക്കർമാർ. 

ഓരോ ബ്രോക്കറിനും ഓരോ പ്രത്യേകതകൾ ഉണ്ടെന്ന് പറഞ്ഞല്ലോ മുകളിൽ പറഞ്ഞിരുന്നല്ലോ. നമ്മുടെ ആവശ്യങ്ങൾ അനുസരിച്ച് ബ്രോക്കർമാരെ,

1. നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യരായ ബ്രോക്കർ.

2. ട്രേഡേർമാർക്ക് അനുയോജ്യമായ ബ്രോക്കർമാർ.

3. ഏറ്റവും നല്ല 3 ഇൻ 1 ബ്രോക്കർ 

എന്നീ ഗണത്തിൽ പെടുത്തി വിവരിക്കാം. 

ബ്രോക്കർമാരെ തിരഞ്ഞെടുക്കാൻ താഴെ പറയുന്ന ഘടകങ്ങൾ നമ്മൾ പരിഗണിക്കേണ്ടതുണ്ട്.

1. ബ്രോക്കറേജ്.
2. വാർഷിക പരിപാലന വില ( എ എം സി ) 
3. ട്രേഡിങ്ങ് പ്ലാറ്റ്ഫോം. (മൊബൈൽ ഉൾപ്പടെ)
4. ബ്രോക്കറുടെ വിശ്വാസ്യത.
5. ഉപഭോക്താക്കളുടെ എണ്ണം.
6. ലിവേറേജ്.

ട്രേഡർമാർക്കായി 2024 ലെ കുറഞ്ഞ ബ്രോക്കറേജുള്ള വിശ്വസനീയമായ ബ്രോക്കറുകൾ.


മുകളിൽ എന്റെ അനുഭവത്തിൽ ഞാൻ പറഞ്ഞത് പോലെ ഡിസ്‌കൗണ്ട് ബ്രോക്കർ വഴി ട്രേഡ് ചെയ്യുമ്പോൾ നല്ല ഒരു തുക തന്നെ ബ്രോക്കറേജ് ആയി നമുക്ക് ലാഭിക്കാൻ സാധിക്കും. 
ഉദാ : ഒരാൾ ഒരു ദിവസം 10 ലക്ഷം രൂപയുടെ ഷെയർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. ഒരു മാസത്തിൽ 20 ട്രേഡിങ്ങ് ദിനങ്ങൾ ഉണ്ടെങ്കിൽ ഒരു മാസത്തെ ആകെ ഇടപാട് 20 x 20 ലക്ഷം = 400 ലക്ഷം ആണ്. ഇദ്ദേഹം ഒരു ഫുൾ സർവിസ് ബ്രോക്കർ ആയ ഐസിഐസിഐ ഡയറക്ട് ഇൽ ആണ് ട്രേഡ് ചെയ്യുന്നതെങ്കിൽ അതിലെ 0.0275% എന്ന നിരക്കനുസരിച്ചു ഒരു മാസത്തെ ബ്രോക്കറേജ് 400 ലക്ഷം x 0.0275 എന്നത് 11000 രൂപയോളം വരുന്നു. 
ഇത് ഒരു വർഷത്തേക്ക് 11000 x 12 = 1,32,000 രൂപ വരുന്നു.

പക്ഷെ സെരോധ അപ്സ്റ്റോക്ക്‌സ് പോലുള്ള ഡിസ്‌കൗണ്ട് ബ്രോക്കറുകൾ ടോട്ടൽ ഇടപാടിന്റെ മൂല്യം ആനുസരിച്ചല്ല ബ്രോക്കറേജ് തീരുമാനിക്കുന്നത്. എത്ര വലിയ ഇടപാടായാലും ഒരു ഓർഡറിനു 20 രൂപ ആണ് ഏറ്റവും കൂടിയ ചാർജ്. അങ്ങനെ നോക്കുമ്പോൾ മുകളിൽ പറഞ്ഞ ട്രേഡറിന് ഡിസ്‌കൗണ്ട് ബ്രോക്കറിൽ ട്രേഡ് ചെയ്യുന്നതിലൂടെ ബ്രോക്കറേജ് ഇനത്തിൽ തന്നെ 90 ശതമാനത്തോളം ലാഭിക്കാനാകും.

പ്രധാനപ്പെട്ട ഡിസ്‌കൗണ്ട് ബ്രോക്കർ കമ്പനികളെ നമുക്ക് പരിചയപ്പെടാം.

1 സെരോധ

ബാഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ബ്രോക്കർ ആണ് സെരോധ. 

ഉപഭോക്താക്കളുടെ എണ്ണം എടുത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ സെരോധ ആണ്.  ഡിസ്‌കൗണ്ട് ബ്രോക്കർ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് സെരോധയാണ്. സഹോദരങ്ങളായ നിതിൻ കാമത്തും നിഖിൽ കാമത്തും കൂടി 2010 ഇൽ ആണ് സെരോധ സ്ഥാപിക്കുന്നത്. 2020 ജൂണിൽ 1 മില്യൺ മൂല്യത്തോടെ യൂണിക്കോണ് ക്ലബ്ബിൽ സ്ഥാനം പിടിച്ചു. ഇന്ന് ഇക്വിറ്റി, കമ്മോഡിറ്റി, കറൻസി മാർക്കറ്റ് ബ്രോക്കിങ് കൂടാതെ മ്യുചൽ ഫണ്ട്, ബോണ്ടുകൾ എന്നിവ കൂടി സിരോധയിൽ ലഭ്യമാണ്.

ഞാൻ മുകളിൽ പറഞ്ഞ പോലെ ഞാൻ ആദ്യമായി ഉപയോഗിച്ച ഡിസ്‌കൗണ്ട് ബ്രോക്കർ സെരോധയാണ്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നല്ല ട്രേഡിങ്ങ് പ്ലാറ്ഫോമുകളിൽ ഒന്ന് എന്റെ അഭിപ്രായത്തിൽ സരോധയുടെ കൈറ്റ് ആണ്. കൈറ്റിന്റെ വെബ്, മൊബൈൽ ആപ്പുകൾ സാങ്കേതിക വിദ്യയിൽ ഉയർന്നു നിൽക്കുന്നതും, ട്രേഡിങ്ങിൽ പുതുതായി വരുന്നവർക്ക് പോലും ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വളരെ ലളിതവും ആണ്. കൈറ്റ് കൂടാതെ കമ്പ്യൂട്ടർ വഴി ട്രേഡ് ചെയ്യാൻ സിരോധ പൈ എന്ന ഒരു സോഫ്റ്റ് വെയർ കൂടി ലഭ്യമാണ്.

സെരോധ അക്കൗണ്ട് പൂർണമായി ഓൺലൈനായി തുറക്കാം. നിങ്ങളുടെ ആധാർ കാർഡും മൊബൈൽ നമ്പറും ലിങ്ക് ആയിരിക്കണം എന്നു മാത്രം. അക്കൗണ്ട് തുറക്കാൻ ഇക്വിറ്റി വിഭാഗത്തിന് 200 രൂപയും കമ്മോഡിറ്റി വിഭാഗത്തിന് 100 രൂപയും ചാർജ് ചെയ്യുന്നുണ്ട്. 
സരോധയുടെ വാർഷിക പരിപാലന ചാർജ് 300 രൂപയാണ്. ബ്രോക്കറേജ് താഴെ കൊടുത്ത പ്രകാരം ആണ്.

ഇൻട്രാഡേ ഇക്വിറ്റി - 0.03% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.

ഇക്വിറ്റി ഡെലിവറി - ബ്രോക്കറേജ് ഇല്ല

ഫ്യുചർ - 20 രൂപ / ഓർഡർ

ഓപ്‌ഷൻസ് - 20 രൂപ / ഓർഡർ

കറൻസി -

0.03% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.

കമ്മോഡിറ്റി - 0.03% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.


പ്രധാന സവിശേഷതകൾ

1. ഡെലിവറി ട്രേഡുകൾ സൗജന്യം.
2. വളരെ കുറഞ്ഞ ഇൻട്രേഡേ ബ്രോക്കറേജ്.
3. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കർ എന്ന വിശ്വാസ്യത.
4. കൈറ്റ്, പൈ എന്നീ ഉന്നത നിലവാരമുള്ള ട്രേഡിങ്ങ് പ്ലാറ്ഫോമുകൾ.
5. സെരോധ കോയിൻ എന്ന പ്ലാറ്ഫോമിലൂടെ ഡയറക്ട് മ്യുചൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള സൗകര്യം.
6. ഷെയർ മാർക്റ്റിനെയും ട്രേഡിങ്ങിനെയും പാട്ടി പഠിക്കാൻ സരോധ വാഴ്സിറ്റി എന്ന പ്ലാറ്ഫോം.
7. തീമാറ്റിക് നിക്ഷേപതിനായി സ്മാൾകേസ്.
8. ആൽഗോ ട്രേഡേർമാർക്കായി സ്‌ട്രീക്ക്.
9. ഓപ്‌ഷൻ ട്രേഡേഴ്സിനായി സെൻസിബുൾ.

ന്യൂനതകൾ

1. കാൾ ആൻഡ് ട്രേഡിന് ചാർജ് ഈടാക്കുന്നുണ്ട്.

ഐഡിഎഫ്‌സി ബാങ്കുമായി ചേർന്ന് 3 ഇൻ 1 അക്കൗണ്ടും സെരോധ ലഭ്യമാക്കുന്നുണ്ട്.

2. അപ്സ്റ്റോക്ക്‌സ്



മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബ്രോക്കർ ആണ് അപ്സ്റ്റോക്ക്‌സ്. മുൻപ് ആർകെഎസ് വി എന്നറിയപ്പെട്ടിരുന്ന ഇവർ ഉപഭോക്താക്കളുടെ എണ്ണത്തിൽ സരോധക്കു തൊട്ടു പിന്നിൽ രണ്ടാമതാണ്.


മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർകെഎസ് വി സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള അപ്സ്റ്റോക്ക്‌സ് സ്ഥാപിച്ചത് ശ്രീ. രഘുകുമാർ ശ്രീ. ശ്രീനി വിശ്വനാഥ് എന്നിവർ ചേർന്നാണ്.  ഇന്ന് അപ്സടോക്സിന്റെ നിക്ഷേപകരിൽ ടൈഗർ ഗ്ലോബൽ, കലാറി ക്യാപിറ്റൽ എന്നീ പ്രശസ്ഥ നിക്ഷേപക സ്ഥാപനങ്ങളും ബഹുമാന്യനായ ശ്രീ. രത്തൻ ടാറ്റ യും പെടുന്നു.

അപ്സ്റ്റോക്ക്‌സിൽ അക്കൗണ്ട് തുറക്കാൻ ഇപ്പോൾ ചാർജ് ഒന്നും ഈടാക്കുന്നില്ല. സൗജന്യമാണ്. ഇത് ഇപ്പോൾ വേണമെങ്കിലും മാറ്റം വരാം. അക്കൗണ്ട് പൂർണമായി ഓൺലൈനായി തന്നെ തുറക്കാം. 
വാർഷിക പരിപാലന വില 300 രൂപ ആണ്. ഈ തുക ഓരോ മാസവും 25 രൂപ + ജി എസ് ടി ആയി പിടിക്കുന്നു.
അപ്ടോക്സിലെ ബ്രോക്കറേജ് ഏകദേശം സരോധയുടെ ബ്രോക്കറേജ് പോലെ തന്നെ ആണ്. സെരോധ പോലെ തന്നെ അപ്സ്റ്റോക്‌സിലും ഡെലിവറി ട്രേഡുകൾ സൗജന്യമാണ്.

ഇൻട്രാഡേ ഇക്വിറ്റി - 0.05% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.

ഇക്വിറ്റി ഡെലിവറി - ബ്രോക്കറേജ് ഇല്ല

ഫ്യുചർ - 20 രൂപ / ഓർഡർ

ഓപ്‌ഷൻസ് - 20 രൂപ / ഓർഡർ

കറൻസി -

0.05% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.

കമ്മോഡിറ്റി - 0.05% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.


അപ്സ്റ്റോക്സിലെ പ്രധാന സവിശേഷതകൾ

1. അക്കൗണ്ട് ഓപ്പണിങ് സൗജന്യമാണ് (പരിമിത കാല ഓഫർ).
2. വളരെ കുറഞ്ഞ ഇൻട്രഡേ, ഫ്യുചർ ഓപ്‌ഷൻ ബ്രോക്കറേജ്.
3. ഡെലിവറി ട്രേഡുകൾ സൗജന്യം.
4. രത്തൻ ടാറ്റ പോലെ വലിയ നിക്ഷേപകരുടെ പിൻബലം.
4. അപ്സ്റ്റോസ് പ്രോ, ഡാർട് സ്റ്റോക്ക് പോലുള്ള ട്രേഡിങ്ങ് പ്ലാറ്ഫോമുകൾ.
5. മ്യുചൽ ഫണ്ടിനായി പ്രത്യേക പ്ലാറ്ഫോം.
6. യുപിഐ വഴി ഐപിഒ ക്ക് അപേക്ഷിക്കാനുള്ള സൗകര്യം.

ന്യൂനതകൾ

1. കഴിഞ്ഞ വർഷം (2020) ലോക്ക്ഡൗണ് സമയത്ത്‌ പല പ്രാവശ്യം സാങ്കേതിക തകരാർ നേരിട്ടു. അവ പലതും ഇപ്പൊൾ
പരിഹരിച്ചിട്ടുണ്ട്.
2. കാൾ ആൻഡ് ട്രേഡിന് ചാർജ് ഈടാക്കുന്നുണ്ട്.

ഇന്ഡസ് ഇൻഡ് ബാങ്കുമായി ചേർന്ന് 3 ഇൻ 1 അക്കൗണ്ട് അപ്സ്റ്റോക്സിൽ
ലഭ്യമാക്കുന്നുണ്ട്.

3. ഫയേഴ്‌സ്



ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വളർന്നു വരുന്ന ഒരു സ്റ്റോക്ക് ബ്രോക്കർ ആണ് ഫയേഴ്‌സ്. 


ഇവരെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഒരു കാരണം ഇവരുടെ ട്രേഡിങ്ങ് പ്ലാറ്ഫോം ആണ്. സാങ്കേതിക വിദ്യക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ബ്രോക്കർ ആണ് ഇത്. അവരുടെ വെബ് ട്രേഡിങ്ങ് പ്ലാറ്ഫോം ഇന്ത്യയിലെ ബ്രോക്കർമാറിൽ ഏറ്റവും മികച്ചതിൽ ഒന്നാണ്. 
ട്രേഡിങ്ങ് വ്യൂ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഈ ട്രേഡിങ്ങ് പ്ലാറ്ഫോം ട്രേഡർമാരെ മുന്നിൽ കണ്ട് ഉണ്ടാക്കിയതാണ്. 
അവരുടെ ഡെസ്ക്ടോപ്പ് ട്രേഡിങ്ങ് പ്ലാറ്ഫോം ആയ ഫയേഴ്‌സ് വണ്ണും വളരെയധികം സവിശേഷതകൾ നിറഞ്ഞതാണ്. ഈ അടുത്തായി പുതുക്കി ഇറങ്ങിയ മൊബൈൽ ആപ്പും വ്യത്യസ്തമായ പല സവിശേഷതകളും അടങ്ങിയതാണ്.
ഫയേഴ്സിൽ അക്കൗണ്ട് തുറക്കാൻ ഇപ്പോൾ സൗജന്യമാണ്. ഇത് ഒരു പരിമിത കാല ഓഫർ ആണ്. വാർഷിക പരിപാലന തുക 300 രൂപ ആണ്. പക്ഷെ ചുരുങ്ങിയ കാലത്തേക്ക് ആദ്യത്തെ 3 മാസത്തെ എ എം സി യും സൗജന്യമാണ്. 
ഫയേഴ്സിൽ ബ്രോക്കറേജ് സരോധയിലെത്തിന് സമാനമാണ്.

ഇൻട്രാഡേ ഇക്വിറ്റി - 0.03% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.

ഇക്വിറ്റി ഡെലിവറി - ബ്രോക്കറേജ് ഇല്ല

ഫ്യുചർ - 20 രൂപ / ഓർഡർ

ഓപ്‌ഷൻസ് - 20 രൂപ / ഓർഡർ

കറൻസി -

0.03% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.

കമ്മോഡിറ്റി - 0.03% അല്ലെങ്കിൽ 20 രൂപ ഏതാണോ ചെറുത് അത്.


ഫയേഴ്സിന്റെ പ്രധാന സവിശേഷതകൾ

1. സൗജന്യ അക്കൗണ്ട് ഓപ്പണിങ് (പരിമിത കാല ഓഫർ)
2. ഇൻട്രേഡേ, ഫ്യുചർ ഓപ്‌ഷൻ എന്നിവക്ക് വളരെ ചെറിയ ബ്രോക്കറേജ്.
3. ഡെലിവറി ട്രേഡ് സൗജന്യം.
4. സാങ്കേതികമായി വളരെ മെച്ചപ്പെട്ട ട്രേഡിങ്ങ് പ്ലാറ്ഫോമുകൾ.
5. ഡയറക്ട് മ്യുചൽ ഫണ്ടുകൾ വാങ്ങാൻ പ്രത്യേക പ്ലാറ്ഫോം.
6. യുപിഐ ഉപയോഗിച്ച് ഐപിഒ ക്ക് അപേക്ഷിക്കാനുള്ള സൗകര്യം.

ന്യൂനതകൾ

1. അടുത്ത കാലത്ത് നേരിട്ട ചില സാങ്കേതിക തകരാറുകൾ. പക്ഷെ അവർ അത് പെട്ടെന്ന് തന്നെ പരിഹരിച്ചു.

നിക്ഷേപകർക്ക് യോജിച്ച സ്റ്റോക്ക് ബ്രോക്കർ

നിക്ഷേപകരുടെ ആവശ്യങ്ങൾ ഒരു ട്രേഡറുടെതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇടപാടുകൾ അധികം വരാത്തത് കൊണ്ട് തന്നെ കുറഞ്ഞ ബ്രോക്കറെജിനെക്കാൾ അവർക്ക് പ്രധാനം കമ്പനിയുടെ വിശ്വാസ്യതയാണ്. നമ്മൾ വാങ്ങുന്ന സ്റ്റോക്കുകൾ നമ്മുടെ ഡീമാറ്റ് അക്കൗണ്ടിൽ ഡെപ്പോസിറ്ററിയിൽ ആണ് സൂക്ഷിക്കുന്നതെങ്കിലും കഴിഞ്ഞ വർഷം കാർവി നടത്തിയ ക്രമക്കേടുകൾ നിക്ഷേപകർക്ക് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനു ശേഷം സെബി കൊണ്ടു വന്ന പല നിയമങ്ങളും ഈ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നതാണ്. 
നിക്ഷേപകർ കൂടുതലും ആശ്രയിക്കുന്നത് ഷെയർ ഖാൻ, ജിയോജിത് പോലുള്ള ഫുൾ സർവിസ് ബ്രോക്കറെ ആണ്. അതിനുള്ള ഒരു പ്രധാന കാരണം പല ഫുൾ സർവിസ് ബ്രോക്കര്മാരും വർഷങ്ങളായി ഈ രംഗത്തുള്ളവരാണെന്നുള്ള വിശ്വാസം ആണ്. അത് കൂടാതെ അവയിൽ പലതും നമ്മുടെ അടുത്ത ടൗണുകളിൽ ഓഫീസിൽ ഉണ്ട് എന്നത് കൊണ്ടും, ആവശ്യങ്ങൾക്ക് പെട്ടെന്ന് ഓഫീസിൽ പോകാം എന്ന ഒരു കാരണം കൊണ്ടും ആണ്. അത് കൂടാതെ അവരിൽ പല ബ്രോക്കര്മാരും പോർട്ഫോളിയോ മാനേജ്മെന്റ് സർവീസും നൽകുന്നുണ്ട്.

Full service brokers geojit sharekhan



ഇതു കൂടാതെ ഓഫീസിൽ നിന്നുള്ള ഒരു പിന്തുണ എപ്പോളും അവശ്യമുള്ളവർക്കും തങ്ങളുടെ നാട്ടിൽ ഓഫീസ് ഉള്ള ഒരു ഫുൾ സർവിസ് ബ്രോക്കർ തന്നെയാണ് നല്ലത്.  

പക്ഷെ സെരോധ പോലുള്ള ബ്രോക്കർമാർ നിക്ഷേപകർക്കിടയിലും പ്രിയങ്കരമാവുകയാണ്. ഡെലിവറി ട്രേഡുകൾ ഫ്രീ ആയത് കൊണ്ട് തന്നെ ചെറിയ ഒരു ശതമാനം തുക ലാഭിക്കാനും പറ്റും.

കമ്മോഡിറ്റി ട്രേഡേഴ്സിന് യോജിച്ച ബ്രോക്കർ ഏതൊക്കെ


കമ്മോഡിറ്റി ട്രേഡ് ചെയ്യുന്നവർ ഇപ്പോൾ നമ്മുടെ നാട്ടിൽ കൂടി വരികയാണ്. ട്രേഡിങ്ങ് പ്ലാറ്ഫോമിന്റെ സ്ഥിരതയോടൊപ്പം  കമ്മോഡിറ്റി ട്രേഡേർമാർ നോക്കുന്ന ഒരു കാര്യമാണ് കൂടുതൽ ലിവേറേജ്. ലിവേറേജ് ഇരുതല മൂർച്ചയുള്ള ഒരു വാൾ ആണെന്ന് എപ്പോളും ഒരു ട്രേഡർ ഓർത്തിരിക്കണം. ലിവറേജ് കൂടുന്നതിനനുസരിച്ചു റിസ്കും കൂടും. പ്രത്യേകിച്ചു കമ്മോഡിറ്റി ട്രേഡിങ്ങിൽ ഫ്യുചർ , ഓപ്‌ഷൻ എന്നിവ മാത്രമേ ഉള്ളു എന്ന കാര്യവും കണക്കിലെടുക്കുമ്പോൾ.
കമ്മോഡിറ്റി ട്രേഡിങിന് ഏറ്റവും അധികം ലിവേറേജ് കൊടുക്കുന്ന ബ്രോക്കർമാറിൽ  ഓന്നാണ ആലീസ് ബ്ലൂ. ഇവർക്ക് കേരളത്തിൽ അടക്കം ഓഫിസ് ഉണ്ട്. 
ഇനി കൂടിയ ലിവേറേജ് താത്പര്യമില്ലാത്തവർക്ക് സെരോധ തന്നെ ആണ് ഈ വിഭാഗത്തിലും ഏറ്റവും നല്ലത്.

ആലീസ് ബ്ലൂയിൽ അക്കൗണ്ട് തുടങ്ങാൻ താൽപര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് ഉപയോഗിക്കാം.

ഏറ്റവും നല്ല സ്റ്റോക്ക് ബ്രോക്കർ ഏത് ?

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന്, എല്ലാവർക്കും യോജിച്ച ഒരു ബ്രോക്കർ കണ്ടെത്തുന്നത് എളുപ്പമുള്ള ഒരു കാര്യം അല്ല എന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും. ചില ബ്രോക്കർമാർ നിക്ഷേപകർക്ക് യോജിച്ചതാണെങ്കിൽ ചിലത് ട്രേഡേഴ്സിന് അനുയോജ്യമായ സവിശേഷതകൾ ഉള്ളവയാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ എല്ലാ കാര്യങ്ങളും യോജിച്ചു വരുന്ന ഒരു ബ്രോക്കർ ഇന്നത്തെ അവസ്ഥയിൽ സെരോധ അല്ലെങ്കിൽ അപ്സ്റ്റോക്സ് ആണ്. ട്രേഡ് ചെയ്യുന്നവർക്ക് കൂടുതൽ ഉപകാരപ്രദമായ മാറ്റങ്ങളും ഫീച്ചറുകളും സ്ഥിരമായി കൊണ്ട് വരുന്ന ഒരു ബ്രോക്കർ ഫയർസ് ആണ്. 

സെറോധയും അപ്‌സ്റ്റോക്‌സും തമ്മിൽ ഒരു താരതമ്യം - സെരോധ അപ്‌സ്റ്റോക്സ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

–>